scorecardresearch
Advertisment

ജീവിതത്തിന്രെ നിറവുളള ചിരി

"ചന്ദ്രശേഖരൻ നായർ എന്ന മനുഷ്യന്റെ മുഖത്ത് നോക്കുമ്പോൾ അത് പരത്തുന്ന ഒരു പ്രകാശം നമ്മളിലേക്ക് കടന്നു വരുന്നത് പോലെ തോന്നും. അത് മനുഷ്യത്വത്തിന്റേതാണ്. അത് തന്നെയാണ് ആ മനുഷ്യനെ ഒരു നല്ല കമ്മ്യൂണിസ്റ്റാക്കി നിലനിർത്തിയത്"

author-image
NE Sudheer
അപ്‌ഡേറ്റ് ചെയ്‌തു
New Update
e chandrasekharan nair memory by ne sudheer,

കൊല്ലം ജില്ലക്കാരായ ഈശ്വരപിള്ളയും കൃഷ്‌ണൻ നമ്പ്യാതിരിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ മദിരാശി പ്രസിഡൻസി കോളേജിൽ സഹപാഠികളായിരുന്നു. ഈശ്വരപിള്ള പിന്നീട് വക്കീലാവുകയും പൊതുപ്രവർത്തത്തിൽ മുഴുകുകയും ചെയ്തു. കൃഷ്ണൻ നമ്പ്യാതിരി രാമകൃഷ്‌ണ മിഷനിലൂടെ ആത്മീയ വഴികളിലേയ്ക്ക് കടന്ന് കാലടി അദ്വൈതാശ്രമം സ്ഥാപിച്ച ആഗമാനന്ദ സ്വാമികളായി മാറി. എന്നാലും അവരുടെ സൗഹാർദ്ദം പിന്നീടും തുടർന്നു പോന്നു. അങ്ങനെ ഒരിക്കൽ ഈശ്വര പിള്ള വക്കീലിന്റെ വീട്ടിലെത്തിയ സ്വാമി മുറ്റത്തു കളിച്ചു കൊണ്ടിരുന്ന വക്കീലിന്റെ മകനെ നോക്കി, ഇവനെ സംസ്‌കൃതം പഠിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്വാമി തന്നെ തുടക്കം കുറിച്ചോളൂ എന്നായി വക്കീൽ. അങ്ങനെ ആഗമനന്ദൻ അവന് സംസ്‌കൃത പാഠങ്ങൾ പറഞ്ഞു കൊടുത്തു. ഓരോ തവണ വരുമ്പോഴും അതിനു തുടർച്ചയുണ്ടായി.കൂടാതെ നാട്ടിലെ മറ്റു ചില ഗുരുനാഥാന്മാരിൽ നിന്നും ആ കുട്ടി സംസ്കൃതത്തിൽ ആഴത്തിൽ അറിവ് നേടി. ആ കുട്ടി വലുതായപ്പോൾ രചിച്ച പുസ്തകമാണ് "ഹിന്ദുമതം, ഹിന്ദുത്വം ". ആ കുട്ടിയുടെ പേരാണ് ഇ ചന്ദ്രശേഖരൻ നായർ.

Advertisment

വഴിതെറ്റി വന്നു എന്ന് പറയുവാൻ പറ്റില്ല എങ്കിലും പതിവ് വഴിയിലൂടെ പൊതു പ്രവർത്തനം നടത്തി ജീവിതം കരുപ്പിടിക്കാൻ തയ്യറാവാത്ത ഒരു പൊതു പ്രവർത്തകനായിരുന്നു ഇ ചന്ദ്രശേഖരൻ നായർ എന്ന കമ്മ്യൂണിസ്റ്റുകാരൻ . നേരും, നെറിവും, മനുഷ്യത്വവും, പാണ്ഡിത്യവും ഒത്തു ചേർന്ന പൊതു പ്രവർത്തകരിലെ അവസാന കണ്ണി എന്ന്മാത്രം വിശേഷപ്പിക്കാൻ കഴിയുന്ന ഒരു വ്യക്‌തിയാണ് അദ്ദേഹം. ആത്മാർത്ഥതയുടെ ആൾ രൂപം എന്ന് തന്നെ വിശേഷിപ്പിക്കാൻ ശത്രുക്കൾ ( അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ) പോലും മടിക്കാത്ത ഒരു രാഷ്ട്രീയ നേതാവ്. രണ്ടു തവണ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചു നിയമരംഗത്തു പ്രവർത്തിക്കുവാൻ ശ്രമിച്ചിരുന്നു. ആദ്യം കമ്മ്യൂണിസ്റ്റാവും മുമ്പ്. അന്ന് ഐ എസ് പി (ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി) യുടെ സജീവ പ്രവർത്തകനായിരുന്നു. കോളേജ് പഠനം കഴിഞ്ഞ ഉടനെ മുതൽ അതിൽ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് 1952 ൽ ആ പാർട്ടി പിരിച്ചു വിട്ടു പി എസ് പി ( പ്രജാ സോഷ്യലിസ്റ് പാർട്ടി ) ആയി മാറാൻ തീരുമാനിച്ചു. അന്ന് ചന്ദ്രശേഖരൻ നായർ അതിനു കൂട്ടാക്കാതെ പൊതു പ്രവർത്തനം ഉപേക്ഷിച്ചാലോ എന്നാലോചിച്ചു. അതുവരെ ഉണ്ടായ വായനയും എം. എൻ ഗോവിന്ദൻ നായരുടെ സ്വാധീനവും കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ചേരാൻ പ്രേരിപ്പിച്ചു. അങ്ങനെ കേരളത്തിന് ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനെ ലഭിച്ചു. ആദ്യ നിയമസഭയിലെ തിളങ്ങുന്ന താരമായി. വിപ്ലവത്തിന്റെ സൗമ്യമുഖം എന്ന് വിശേഷിപ്പിക്കാവുന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജനനമായിരുന്നു അത്. കൊട്ടാരക്കരയിലെ കമ്മ്യൂണിസം ചന്ദ്രശേഖരൻ നായരുടെ സംഭാവനയായിരുന്നു. അഭിഭാഷകവൃത്തിയിലെ വരുമാനം കൊണ്ടാണ് പാർട്ടി നടത്തിയത്. രാവിലെ പത്രം വിൽക്കുന്നവരുടെ സൈക്കിളിന്റെ പുറകിൽ തുടങ്ങുന്ന ആ പൊതുപ്രവർത്തനം ഒരിക്കലും കറ പുരളാതെ കാത്തു സൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

1970 ൽ അച്യുതമേനോന് വേണ്ടി കൊട്ടാരക്കരയിലെ എം എൽ എ സ്ഥാനം ഉപേക്ഷിച്ചപ്പോൾ വീണ്ടും രാഷ്ട്രീയം ഉപേക്ഷിച്ചാലോ എന്ന ഒരാലോചന ചന്ദ്രശേഖരൻ നായരിൽ ഉണ്ടായി. അച്യുതമേനോന് വമ്പിച്ച വിജയം ഉറപ്പാക്കിയപ്പോൾ ഇനി വീണ്ടും വക്കീൽ കുപ്പായം ഇടാം എന്ന ചിന്തയുമായി ഒതുങ്ങി കഴിയുവാൻ തീരുമാനിച്ചു. അപ്പഴാണ് രാഷ്ട്രീയ ഗുരുവായ എം എൻ വീണ്ടും നിർബന്ധവുമായി വരുന്നത്. അങ്ങനെ ജനയുഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു.അന്നത് പൂട്ടലിന്റെ വക്കത്തായിരുന്നു. ചന്ദ്രശേഖരൻ നായരുടെ കാലത്താണ് ആദ്യമായി ആ സ്ഥാപനം ലാഭത്തിലാവുന്നത് . കൂട്ടിനു ഉണ്ണിരാജയും, കാമ്പിശേരിയും. ജനയുഗത്തിന്റെ സുവർണ്ണകാലം സൃഷ്ടിച്ച കൂട്ടുകെട്ട്. അവിടന്നിങ്ങോട്ട് പാർട്ടി പ്രവർത്തനത്തിൽ സജീവമായി. കേരളം കണ്ട ഏറ്റവും നല്ല മന്ത്രിയായി അറിയപെട്ടു. ആ മുഖത്തെ ശാന്തത എല്ലാവരെയും ആകർഷിച്ചു.

e chandrasekharan nair

അതിന്റെ പുറകിൽ വലിയ ഒരു പഠനത്തിന്റെ ശക്തിയുണ്ടായിരുന്നു. അതറിയണമെങ്കിൽ നേരത്തെ സൂചിപ്പിച്ച അദ്ദേഹം രചിച്ച " ഹിന്ദു മതം, ഹിന്ദുത്വം"എന്ന പുസ്തകം വായിച്ചു നോക്കണം. മത പൗരോഹിത്യത്തെനെതിരെ ഉളള ആശയ സമരമാണ് ആ കൃതി. അതിലദ്ദേഹം ഇങ്ങനെ എഴുതി:

" ഹിന്ദുമതം പുരാതനവും സനാതനവുമാണെന്നവകാശപ്പെടുമ്പോൾ തന്നെ , ഹിന്ദു എന്ന പദത്തിന് അത്ര പുരാതനത്വം അവകാശപ്പെടാൻ സാധിക്കുകയില്ല. പുരാതന ഭാരതത്തിൽ ഹിന്ദു മതം എന്ന ഒരു മതമില്ല. വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ പുരാണങ്ങളിലോ ഹിന്ദു എന്ന പദം കാണാൻ സാധിക്കുകയില്ല." ( പേജ് 10 )

സ്വന്തം അഭിപ്രായങ്ങൾ പറയാതെ ഇന്ന് ആ മതത്തിന്റെ പ്രചരിപ്പിക്കപ്പെടുന്ന വൈരുദ്ധ്യങ്ങളെ കണ്ടെത്തി ശരിയേത് എന്ന് തിരിച്ചറിയുവാനുള്ള പണ്ഡിതന്റെ ശ്രമമാണ് ആ കൃതി. ഏതോ കാരണവശാൽ ആ രചന വേണ്ടത്ര വായിക്കപ്പെട്ടില്ല. എന്താണ് യഥാർത്ഥ ഹിന്ദു മതം എന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഉത്തമ കൃതിയാണ് ചന്ദ്രശേഖരൻ നായരുടേത് . സ്‌മൃതികളെയും, വേദങ്ങളെയും, ഉപനിഷത്തുക്കളെയും ( ഓരോ ഉപനിഷത്തുക്കളെയും പ്രത്യേകമായി ) ഗീതയേയും, സാംഖ്യ,കർമ്മ, ജ്ഞാന , ഭക്തി യോഗങ്ങളെയും കൃത്യമായി ഓരോ അദ്ധ്യാത്തിലായി പരിചയപ്പെടുത്തിതരുന്നു ഈ കൃതി.

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പരമ്പര്യത്തിന്റെ അവസാന പിന്തുടർച്ചക്കാരൻ എന്ന് തന്നെ ഈ മനുഷ്യനെ വിശേഷിപ്പിക്കാം. ദാമോദരനും, ബാലറാമും, ഉണ്ണിരാജയും, സുരേന്ദ്രനാഥും ഒക്കെ നടന്ന വഴികളിലൂടെ പ്രസ്ഥാനത്തെ നയിച്ച ഒരാൾ കൂടി യാത്രയാവുന്നു. വിളക്കുകൾ കെട്ടു പോകുമ്പോൾ ഇരുൾ പടരുന്നു. സത്യത്തെ നെഞ്ചിലേറ്റി നടക്കാൻ കരുത്തുള്ളവർ ഇല്ലാതാവുന്നു. ചന്ദ്രശേഖരൻ നായർ എന്ന മനുഷ്യന്റെ മുഖത്ത് നോക്കുമ്പോൾ അത് പരത്തുന്ന ഒരു പ്രകാശം നമ്മളിലേക്ക് കടന്നു വരുന്നത് പോലെ തോന്നും. അത് മനുഷ്യത്വത്തിന്റേതാണ്. അത് തന്നെയാണ് ആ മനുഷ്യനെ ഒരു നല്ല കമ്മ്യൂണിസ്റ്റാക്കി നിലനിർത്തിയത്. കേരളത്തിന്റെ നന്മകളിൽ പാദമുദ്ര പതിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ നിറവുള്ള ആ ചിരി എന്നന്നേക്കുമായി ഇന്ന് മാഞ്ഞു പോയിരിക്കുന്നു.

Cpi Memories Ne Sudheer
Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us:
Advertisment