Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

മുപ്പതു പൈസയുടെ റീഫില്ലുമായി മലയിറങ്ങിയെത്തി; കാമുകിയെ വിവാഹം ചെയ്യാൻ ഒറ്റരൂപ നോവൽ എഴുത്തു തുടങ്ങി; ഒരേ സമയം 13 നോവലുകൾ എഴുതി പത്രാധിപന്മാരെ ക്യൂ നിർത്തി; സീരിയലുകൾക്കു മുമ്പ് സ്ത്രീകൾ ആകാംക്ഷയോടെ കാത്തിരുന്നു: വിട പറഞ്ഞ മാത്യു മറ്റത്തിന്റെ ജീവിതം വായിക്കുമ്പോൾ

മുപ്പതു പൈസയുടെ റീഫില്ലുമായി മലയിറങ്ങിയെത്തി; കാമുകിയെ വിവാഹം ചെയ്യാൻ ഒറ്റരൂപ നോവൽ എഴുത്തു തുടങ്ങി; ഒരേ സമയം 13 നോവലുകൾ എഴുതി പത്രാധിപന്മാരെ ക്യൂ നിർത്തി; സീരിയലുകൾക്കു മുമ്പ് സ്ത്രീകൾ ആകാംക്ഷയോടെ കാത്തിരുന്നു: വിട പറഞ്ഞ മാത്യു മറ്റത്തിന്റെ ജീവിതം വായിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുപ്പതു പൈസയുടെ റീഫില്ലുമായി കട്ടപ്പന മലയിറങ്ങി വന്ന് ഒരേ സമയം 13-14 വാരികകളിൽ നോവലുകൾ എഴുതിയ ജനപ്രിയസാഹിത്യകാരനാണ് മാത്യു മറ്റം. രണ്ടു കൈകൊണ്ടുമെഴുതി 270-ലധികം നോവലുകൾ. ലക്ഷങ്ങൾ സമ്പാദിച്ചെങ്കിലും കാര്യമായൊന്നും നേടാതെ ദുരിതമനുഭവിച്ചായിരുന്നു മരണം.

കടുത്ത പ്രമേഹമായിരുന്നു അദ്ദേഹത്തിന്. 10 വർഷത്തിലേറെയായി രോഗബാധിതനായി കിടന്നു. ഒരവസരത്തിൽ കാലു മുറിച്ചു കളയേണ്ടിവരുമെന്നു വരെ കരുതി. കോട്ടയം പേരൂരിനടുത്ത മാമ്മൂട് എന്ന സ്ഥലത്തെ വീട്ടിൽ ഇക്കാലമത്രയും രോഗിയായി ഒതുങ്ങിക്കൂടി.

ജോയ്‌സിയെപ്പോലെയും കെ കെ സുധാകരനെപ്പോലെയുമുള്ള അന്നത്തെ ന്യൂജെൻ ജനപ്രിയസാഹിത്യകാരന്മാരുടെ വരവോടെയാണ് മാത്യൂ മറ്റം മലയാള സാഹിത്യത്തിൽനിന്നു റിട്ടയർ ചെയ്തത്. പിന്നീട് സാമ്പത്തികമായി തകർന്നുവെങ്കിലും കൈയിൽ കത്തിച്ചുപിടിച്ച സിഗരറ്റുമായി കോട്ടയത്ത് എപ്പോഴും സ്യൂട്ട് കെയ്‌സുമായി ആ കുറിയ മനുഷ്യനെ കാണാമായിരുന്നു. നല്ലൊരു ചെയിൻ സ്‌മോക്കറായിരുന്നു മാത്യു മറ്റം.

പൈങ്കിളി നോവലെന്നു പരിഹസിക്കുമായിരുന്നെങ്കിലും മധ്യകേരളത്തിലെ സ്ത്രീവായനക്കാരെ വായന പഠിപ്പിച്ചത് മാത്യു മറ്റമായിരുന്നു. മുട്ടത്തു വർക്കിക്കും കാനത്തിനും ശേഷം ഇത്രയേറെ ആരാധകരുള്ള നോവലെഴുത്തുകാരൻ അന്നുണ്ടായിരുന്നില്ല. മലയാളത്തിലെ ഒട്ടേറെ ആനുകാലികങ്ങളിൽ ശ്രദ്ധേയമായ അനേകം നോവലുകളും കഥകളും രചിച്ച അദ്ദേഹത്തിന്റെ രചനയ്ക്കായി എൺപതുകളിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ വാരികകൾ പോലും മത്സരിച്ചിരുന്നു. അന്നു കടുത്ത മത്സരത്തിലായിരുന്ന വാരികകളായ മനോരമയും മംഗളവും മാത്യൂ മറ്റത്തിന്റെ നോവലുകളിലൂടെയാണ് മത്സരം കൊഴുപ്പിച്ചത്. ഉദ്വേഗമുണ്ടാക്കുന്നതും ഹരം പിടിപ്പിക്കുന്നതുമായ നോവലുകൾക്കുവേണ്ടി പത്രാധിപന്മാർ മാത്യൂ മറ്റത്തിനു മുന്നിൽ ക്യൂ നിന്നു. ഓരോ ആഴ്ചയും പതിമൂന്നും പതിനാലും അധ്യായങ്ങൾ അദ്ദേഹം എഴുതിത്ത്തള്ളി. അതിസാഹസികമായിരുന്നു അക്കാലം. ഓരോ കഥാപാത്രത്തെയും ഓർത്തെടുത്ത് സസ്‌പെൻസും ഇക്കിളിപ്പെടുത്തുന്നതുമായ കഥാസന്ദർഭങ്ങൾ ഓരോ മണിക്കൂറിലും സൃഷ്ടിച്ചുള്ള നോവലെഴുത്ത്. ആഴ്ചപ്പതിപ്പുകളുടെ സർക്കുലേഷൻ ഉയർന്നുകൊണ്ടേയിരിക്കണം, ജനപ്രിയത കൂടിക്കൊണ്ടിരിക്കണം. അടുത്തലക്കത്തിലേക്കുള്ള കാത്തിരിപ്പായിരുന്നു അദ്ദേഹത്തിന്റെ ആരാധകരായ സ്ത്രീവായനക്കാർ. ഇന്നത്തെ ചാനൽ പരമ്പരയ്ക്കുവേണ്ടിയുള്ള കാത്തിരുപ്പു പോലെ.

ലക്ഷംവീട്, കരിമ്പ്, മെയ്ദിനം, അഞ്ചു സുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പൊലീസുകാരന്റെ മകൾ, മഴവില്ല്, റൊട്ടി, പ്രൊഫസറുടെ മകൾ തുടങ്ങിയ നോവലുകളാണ് പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ച് ആരാധകവൃന്ദത്തിന്റെ മനസിൽ പതിഞ്ഞു കിടക്കുന്നത്. ആഴ്ചകൾ തോറും വായനക്കാരെ ആകാംഷാഭരിതരാക്കുന്ന നോവലുകളികളിലൂടെ കേരളത്തിൽ അനേകം വായനക്കാരെ അദ്ദേഹം ഇളക്കി മറിച്ചു. ഈ നോവലുകൾ പിന്നീട് സിനിമയ്ക്കും സീരിയലുകൾക്കും അവലംബിത കഥകളായി മാറുകയും ചെയ്തിരുന്നു. കരിമ്പ്, മെയ്ദിനം എന്നീ കൃതികൾ സിനിമകളായപ്പോൾ ആലിപ്പഴം പോലെയുള്ള നോവലുകൾ ടെലിവിഷൻ സീരിയലായും ജനപ്രിയമായി. ലോകാവസാനം എന്ന നോവലായിരുന്നു അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയത്.

ഇടുക്കിയിൽ നിന്നും കാഞ്ഞിരപ്പള്ളി കോളജിലെത്തി പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കെ പരിചയപ്പെട്ട വത്സമ്മയുമായി പ്രണയിച്ചു. കത്തോലിക്കനായ മാത്യു ഈഴവസമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനെ ഇരുവീട്ടുകാരും എതിർത്തു. എല്ലാ എതിർപ്പുകളും അവഗണിച്ച് ഒരുമിച്ചു ജീവിക്കാനാരംഭിച്ചതോടെ പണമില്ലായ്മ വെല്ലുവിളിയായി. കോട്ടയത്തേക്ക് കുടിയേറിയ ഈ എഴുത്തുകാരൻ പിന്നീട് അക്കാലത്തെ ഒറ്റരൂപ നോവലുകളെഴുതിയാണ് ജീവിക്കാൻ വഴി കണ്ടെത്തിയത്. കൊച്ചു കൊച്ചു നോവലുകൾ കൊച്ചു കൊച്ചു പുസ്തകങ്ങളാക്കി ഒറ്റരൂപയ്ക്കു വില്പന നടത്തുന്ന ഏർപ്പാട് അന്നുണ്ടായിരുന്നു. അങ്ങനെ തുടക്കമിട്ട നോവലെഴുത്തുകാരൻ പിന്നീട് വളർന്ന് ഉദ്വേഗഭരിതവും ഹരം പിടിപ്പിക്കുന്നതുമായ വലിയ നോവലുകളുടെ സൃഷ്ടാവായി മാറി. എല്ലാ പ്രതികൂലസാഹചര്യങ്ങളോടും ഏറ്റുമുട്ടിയുള്ള ജീവിതം. കുറെയേറെ സമ്പാദിച്ചെങ്കിലും അതു കൂടുതലായി കുടുബക്കാർക്കു വേണ്ടി ചെലവഴിച്ചു.

ഒടുവിൽ നോവലെഴുത്തിന്റെയും ഭാവനയുടെയും ലോകത്തുനിന്നു മാറിനിൽക്കേണ്ടിവന്നപ്പോൾ രോഗത്തിന്റെയും വേദനയുടെയും നിസഹായതയുടെയും സാമ്പത്തികപരിമിതിയുടെയും ദീനാവസ്ഥ. മനോരമയിൽ ആർട്ടിസ്റ്റായ മകൻ കിഷോറിന്റെ സംരക്ഷണയിൽ ഒതുങ്ങിക്കഴിയുമ്പോൾ മാത്യു മറ്റത്തിന്റെ പേനത്തുമ്പിൽനിന്നു പണവും പ്രശസ്തിയുമുണ്ടാക്കിയവരാരും അദ്ദേഹത്തെ തേടിച്ചെന്നിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP